Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജുവിന്റെ സ്വാഭാവിക ജാമ്യഹർജിയിൽ വിധി ഇന്ന്.
ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്ന് കാട്ടി കഴിഞ്ഞ ദിവസം ജാമ്യഹർജി നല്‍കിയിരുന്നു. ഇന്നലെ വാദം കേട്ട കൊല്ലം വിജലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഇന്നു വിധി പറയാന്‍ മാറ്റി.
കട്ടിളപ്പാളി കേസില്‍ ബൈജുവിന് നേരത്തേ ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ ദ്വാരപാലക ശില്പ കേസില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനായിരുന്നില്ല. ഇന്ന് ദ്വാരപാലക കേസില്‍കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ കെ.എസ്. ബൈജുവിന് പുറത്തിറങ്ങാന്‍ സാധിക്കും.
അതേസമയം, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിനും കട്ടിളപ്പാളി കേസില്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും ദ്വാരപാലക കേസ് ഉള്ളതുകൊണ്ടാണ് റിമാന്‍ഡില്‍ തുടരുന്നത്. ദ്വാരപാലക കേസില്‍ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂര്‍ത്തിയാകും. തുടര്‍ന്ന് സ്വാഭാവിക ജാമ്യത്തിനുള്ള ഹർജിയുമായി കോടതിയെ സമീപിച്ച് പുറത്തിറങ്ങാം. ഇതുവരെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ഉള്‍പ്പെടെ ആറ് പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തു വന്നിരുന്നു.
Kerala
അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കാന്‍ എസ്ഐടി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് വിചിത്രമായ മറുപടിയാണ്. തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ, തദ്ദേശ മന്ത്രിമാര്‍ ആരോപണം ഉന്നയിച്ചത്. കോടതിയെയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്ന ആക്ഷേപവും മന്ത്രിമാര്‍ ഉന്നയിച്ചു.
കോടതിയെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. ശബരിമല തന്ത്രിക്കെതിരേ കേസെടുക്കാന്‍ തെളിവിന്റെ കണിക പോലും ഇല്ലെന്നു പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതിയെ ഇന്നലെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം എന്ത് കുറ്റകൃത്യമാണ് ചെയ്തെന്നും കുറ്റകൃത്യത്തില്‍ എന്ത് പങ്കാളിത്തമാണുള്ളതെന്നും എസ്ഐടി വ്യക്തമാക്കണമെന്ന് തന്ത്രിയെ അറസ്റ്റു ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
തന്ത്രി അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രഡിറ്റാണെന്നാണ് സിപിഎം അവകാശപ്പെട്ടത്. തന്ത്രിയെ വരെ ജയിലിലാക്കിയ ആളാണ് പിണറായി എന്നാണ് സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്ന സ്പാര്‍ക്കില്‍ നിന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ മോഷ്ടിച്ചു.
ഡേറ്റ മോഷണത്തിനെതിരേ ഹൈക്കോടതിവിധിയും നിയമങ്ങളുമുണ്ട്. ഒരാളുടെയും വ്യക്തിഗത വിവരങ്ങള്‍ അയാളുടെ അനുവാദം ഇല്ലാതെ പുറത്ത് നല്കാന് പാടില്ല. സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം എങ്ങനെയാണ് ഡേറ്റ മോഷ്ടിച്ചത്. അവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം. അതിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
നേരത്തേ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് നവകേരള സര്‍വെ നടത്താന്‍ ശ്രമിച്ചു. പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയ ശേഷമാണ് പണം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നാട്ടകാരുടെ നികുതിപ്പണം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നല്കി നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. ഇടുക്കിയിലെ റവന്യു ഭൂമി അനധികൃതമായി വനഭൂമിയാക്കിയത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റദ്ദാക്കും.
ഭൂ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും.ആരോഗ്യമേഖലയില്‍ നടക്കുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാല്‍ നിരവധി വാല്യങ്ങളുള്ള പുസ്തകം ഇറക്കാം. അതു വായിക്കാന്‍ വലിയ ഹാള്‍ പണിയേണ്ടി വരുമെന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
പ്രതിക്കു ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി തീരുമാനിക്കുന്ന എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയാറാണെന്നും ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ഇരു വാദങ്ങള്‍ക്കും ശേഷം പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വിധി പറയാന്‍ മാറ്റി.
ജനുവരി 14നാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശങ്കരദാസിനെ രണ്ട് കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വീണ്ടും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു ജയിലിലേക്ക് മാറ്റുകയായിരുന്നു.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. മറ്റൊരു ബോര്‍ഡ് അംഗമായ എന്‍. വിജയകുമാറും റിമാന്‍ഡില്‍ തുടരുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭയിൽ ബഹളം വച്ചു.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളി തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ കെ.ബാബുവായിരുന്നു ഇന്നലെ സഭയിൽ പ്രസംഗിച്ചത്. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും സ്വർണക്കൊള്ളക്കേസിൽ പ്രതികളെല്ലാം പുറത്തിറങ്ങുകയാണെും ബാബു പറഞ്ഞു. ചോദ്യോത്തര വേള തുടരുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിരുന്നു മുദ്രാവാക്യം വിളിച്ചു. സ്പീക്കർ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി.
മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്തുന്നതിനെ ഇന്നലെയും രൂക്ഷമായി വിമർശിച്ചു. കെ. ബാബുവിനു പ്രസംഗിക്കാൻ ഒരവസരം കിട്ടിയതാണ് സഭയിലുണ്ടായ പ്രധാന കാര്യമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടിയുടെ അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. ഇതു നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ഇത് പ്രതിപക്ഷത്തിനു മാത്രം മനസിലാകുന്നില്ല. ഹൈക്കോടതിക്കെതിരേയാണ് ഇവരുടെ പരാമർശമെന്നും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ളതാണു സമരമെന്നും മന്ത്രി രാജീവ് പറഞ്ഞു. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയെയും രാജീവ് വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തതു മുതൽ യുഡിഎഫും ബിജെപിയും അസ്വസ്ഥരാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ചതിനു പിന്നാലെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി അംഗങ്ങളെ വിളിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ശക്തമാക്കി. അയ്യപ്പന്റെ സ്വർണം കട്ടവൻ, അന്പലം വിഴുങ്ങികൾ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ദേവസ്വം മന്ത്രി രാജി വച്ചു പുറത്തുപോകുക എന്ന മുദ്രാവാക്യം വിളി തുടർന്നു. സ്പീക്കർ സഭാ നടപടികൾ തുടർന്നു മുന്നോട്ടുകൊണ്ടുപോയതോടെ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സഭ വേഗത്തിൽ പിരിഞ്ഞു.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും ആരോഗ്യകാരണങ്ങൾ പരിഗണിച്ചുമാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസിലെ മറ്റ് ഏഴു പ്രതികൾ ജാമ്യത്തിലാണെന്ന ജയശ്രീയുടെ വാദവും കോടതി കണക്കിലെടുത്തു. നേരത്തേ വിഷയം പരിഗണിച്ചപ്പോൾ ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
കേസിൽ പിടിയിലായ പലരും പുറത്തിറങ്ങി. കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാകണം. സംഭവം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടി മുതൽ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കോടതി മുൻകൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാൻ കോടികളാണു പൊടിപൊടിച്ചത്. ഇതിനു സിപിഎം അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോടു മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Kerala
പാലക്കാട്: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുയുഗയാത്രയ്ക്കു പാലക്കാട്ട് നല്കിയ സ്വീകരണയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് മാപ്പുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
താന്‍ ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിനും സതീശൻ മറുപടി നല്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഞങ്ങള്‍. അഫിഡവിറ്റ് തിരുത്താന്‍ ഒരുകൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സിപിഎമ്മിനു നിലപാടുമില്ല, ഉറപ്പുമില്ല, എന്നാല്‍ അയ്യപ്പഭക്തരുടെ വോട്ട് വേണമെന്നു സതീശൻ കളിയാക്കി.
മാറ്റത്തിനുമാത്രമാണ് മാറ്റമില്ലാത്തതെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ആര്‍ക്കും മനസിലാകാത്ത ഭാഷയാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നു മര്യാദയ്ക്കു പറഞ്ഞാല്‍ പോരേയെന്നും സതീശന് ചോദിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ സതീശന് തള്ളിക്കളഞ്ഞു. അയ്യർക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന് പരിഹസിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ സതീശൻ സ്വാഗതംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വിഎസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇത്തവണ മുറിച്ചെടുത്തത് സ്വര്‍ണപ്പാളിയുടെ വലിയ ഭാഗങ്ങള്‍.
ദ്വാരപാലക ശില്പത്തിന്റെ കൈയുടെ ഭാഗവും മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിള്‍ പരിശോധനയ്ക്കായാണ് പാളികള്‍ മുറിച്ചെടുത്തത്.
എന്നാല്‍ പാളികള്‍ ഈ രൂപത്തില്‍ ദീര്‍ഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിര്‍ദേശിച്ചു. തന്ത്രിയുടെ അനുവാദം വാങ്ങിയശേഷമാണ് എസ്ഐടി പാളികള്‍ മുറിച്ചെടുത്തശേഷം പുനഃസ്ഥാപിച്ചത്.
അംഗഭംഗം വന്നെങ്കിലും തത്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവുകള്‍ എന്തു ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടേയെന്നും തന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയില്‍ മാത്രം വിശ്വാസം തോന്നാന്‍ കാരണമെന്തെന്ന ചോദ്യവുമായി ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്തിനാണ്.
കേസ് നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും വിജിലന്‍സുമാണ് അന്വേഷിക്കുന്നതെന്ന് കോടതി പറഞ്ഞു.
രാജ്യാന്തര ബന്ധങ്ങളടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരായ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത്, തന്ത്രി സമാജം തുടങ്ങിയവര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ച് ചോദ്യമുന്നയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണു ഹർജികളിലെ ആരോപണം. ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം മതിയാകില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
സിബിഐ മികച്ച അന്വേഷണം നടത്തിയ ഇത്തരം കേസുകളില്‍ ചിലതു ചൂണ്ടിക്കാട്ടാനാകുമോ. സിബിഐയെ മഹത്തരമായി കാണുന്നുണ്ടെങ്കില്‍ തിരിച്ചും ചിന്തിച്ചുകൂടെയെന്നും ജസ്റ്റീസുമാരായ എ. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒന്നിച്ചു പരിഗണിക്കാനായി മാര്‍ച്ച് 13ലേക്കു മാറ്റി.
കേസില്‍ കക്ഷിചേരാനായി മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണനാര്‍ഹമല്ലെന്നു വിലയിരുത്തി കോടതി തള്ളി. അഭിഭാഷകന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ഹര്ജിക്കാരന് ഹൈക്കോടതി നേരത്തേ പിഴ ചുമത്തിയിരുന്നു.
Kerala
കണ്ണൂർ: ശബരിമലയിലെ സ്വർണം കവർന്നവർ രക്ഷപ്പെടില്ലെന്നും ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും സ്പീക്കർ എ.എൻ. ഷംസീർ.
മോഷണം ആര് നടത്തിയാലും മോഷണം മോഷണംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ( കെപിഎ) കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ.
എല്ലാക്കാലത്തും വിമർശനങ്ങൾക്കു വിധേയമാകുന്ന വിഭാഗമാണ് ആഭ്യന്തരവകുപ്പും പോലീസ് സേനയും. പോലീസിനകത്തെ തെറ്റായ ശീലങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരള പോലീസെന്നും സ്പീക്കർ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി. സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് മുഖ്യാതിഥിയായി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യ ഹർജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും.
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വാഭാവിക ജാമ്യം തേടി കേസിലെ മൂന്നാം പ്രതിയായ വാസു കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നല്‍കിയത്.
എസ്ഐടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ഇന്നു ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നും കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് വ്യക്തമാക്കി. എന്നാല്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്കിയ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. അതിനിടെ തന്ത്രി കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രോസിക്യൂഷന്റെ വാദം നടന്നു. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യ ഹർജിയില്‍ വിധി 18ലേക്കു മാറ്റി.
കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തന്ത്രിക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദങ്ങള്‍ കേട്ട കോടതി എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും വിധി പറയുക.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജുഡീഷല്‍ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസുവും സ്വാഭാവിക ജാമ്യം തേടി. കേസിലെ മൂന്നാം പ്രതിയായ വാസു കേസില്‍ അറസ്റ്റിലായി ശനിയാഴ്ച 90 ദിവസം കഴിഞ്ഞതിനാല്‍ ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യപേക്ഷ നല്കി. ഇന്നു വിശദമായ വാദം കേള്‍ക്കും.
കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന് പോറ്റി അടക്കം നാലു പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്കും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനു തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ് ശ്രീകുമാര്‍ ഒഴികെ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്‍കിയത്.
കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം പ്രതിയുടെ അവകാശമാണെന്നും അത് അനുവദിക്കണമെന്നും വാസു നല്കിയ ജാമ്യപേക്ഷയില് പറയുന്നു. ഇന്നു വിശദമായ വാദം കേൾക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. 20ന് പത്മകുമാറും സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നല്‍കും.
അതിനിടെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ വാദംതുടങ്ങി. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതിയില്‍ തന്ത്രിക്കുവേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
അഡ്മിനിട്രേറ്റീവ് കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നു പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടാന്‍ കഴിയുന്നത്. തന്ത്രിയുമായി ഉണ്ണികൃഷ്ണന് പോറ്റിക്കുള്ള ബന്ധം സ്വര്‍ണക്കൊള്ളയ്ക്കു വഴിവച്ചു എന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
അങ്ങനെ ഒരു ബന്ധമായിരുന്നെങ്കില്‍ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നില്‍ക്കേണ്ടതില്ലല്ലോ എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഉയര്‍ന്ന ബന്ധമുണ്ടായിരുന്നെങ്കില്‍ പോറ്റിയെ തന്ത്രിക്കൊപ്പമോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലോ നിര്‍ത്താമായിരുന്നല്ലോ, അങ്ങനെ ഉണ്ടായില്ലല്ലോ എന്നും പ്രതിഭാഗം വാദം ഉയര്‍ത്തി. ഇന്നാണ് പോസിക്യൂഷന് വാദം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികൾ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്നു സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കി. രാവിലെ സഭ ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വർണക്കൊള്ളക്കേസിൽ തങ്ങൾ സമരം തുടരുകയാണെന്നു സ്പീക്കറെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുകയാണ്. എസ്ഐടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്കു തൃപ്തിയില്ല. കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡുമാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ബാനർ വാങ്ങാനാണു തങ്ങളുടെ എംഎൽഎമാർ ഡയസിൽ കയറിയതെന്നും അല്ലാതെ അവരെ മർദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പതിവുപോലെ പ്ലക്കാർഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതോടെ മറ്റു നടപടികളെല്ലാം പൂർത്തിയാക്കി 51 മിനിറ്റുനുള്ളിൽ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
രാവിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരാകുകയും പ്രതിപക്ഷത്തിനെതിരേ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ധമായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ കേരളത്തിലെ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതികൾ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതികൾക്കെല്ലാം ഇപ്പോൾ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഇങ്ങനെപോയാൽ ശബരിമല സ്വർണക്കേസുതന്നെ മുങ്ങിപ്പോകും. കേസിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ ജയിലിൽ പോകുമെന്ന ഭയം കൊണ്ടാണു സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിമാർ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തിയപ്പോൾ ഇന്നലെ മന്ത്രി എം.ബി. രാജേഷ് മാത്രമാണ് സതീശനെ വിമർശിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതികളുടെ 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ച് ഇഡി. സംസ്ഥാനത്തിനകത്തും പുറത്തുമായി 21 സ്ഥലങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കുപിന്നാലെയാണ് ഇഡി നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് 1.3 കോടി രൂപ മൂല്യംവരുന്ന എട്ട് സ്ഥാവര സ്വത്തുക്കള്‍ മരവിപ്പിച്ചത്.
കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഇഡി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്നു 100 ഗ്രാം വരുന്ന സ്വര്‍ണക്കട്ടിയും സ്വര്‍ണം ചെമ്പാക്കിയ രേഖയും ഇഡി പിടിച്ചെടുത്തു.
2019നും 2024നും ഇടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വംബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. "ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ’ എന്നപേരില്‍ കഴിഞ്ഞ 20ന് കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്പോണ്‍സര്‍മാര്‍, ജ്വല്ലറികള്‍ എന്നിവരുള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മകരസംക്രമ ദിനമായ ഇന്ന് കേരളത്തിലെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബിജെപി ശബരിമല സംരക്ഷണ ജ്യോതി തെളിക്കും.
വൈകുന്നേരം ആറിനു നടക്കുന്ന ‘വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി’ പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേരും.
ബിജെപി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിക്കുമെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പരിഭ്രമിച്ച് സിപിഎം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ സ്വർണപ്പാളി കേസ് പ്രധാന കാരണങ്ങളിലൊന്നായി സിപിഎം സംസ്ഥാന സമിതിയും സിപിഐയും വിലയിരുത്തിയതിനു പിന്നാലെയാണു കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്ത വിവരം പുറത്തുവരുന്നത്. മുൻ ദേവസ്വം പ്രസിഡന്റും പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിന്റെ അറസ്റ്റും പാർട്ടിയുടെ മുൻ മന്ത്രിയെ സ്വർണപ്പാളി കേസിൽ ഇപ്പോൾ ചോദ്യംചെയ്തതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പത്മകുമാറിനെതിരേ പാർട്ടി നടപടിയെടുക്കാത്തതിൽ ജില്ലാ കമ്മിറ്റികളിലും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയിലും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമർശനമുണ്ടായി.
യഥാസമയം പത്മകുമാറിനെതിരേ നടപടിയെടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകൾ നഷ്ടമാകില്ലായിരുന്നുവെന്നും ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നുമാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. എന്നാൽ, കുറ്റപത്രം വന്നതിനു ശേഷം കുറ്റക്കാരനെങ്കിൽ നടപടിയെടുത്താൽ മതിയെന്ന നിലപാടിലായിരുന്നു ഇതുവരെയും സിപിഎം നേതൃത്വം.
പിന്നീട് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ കടകംപള്ളി സുരേന്ദ്രനെ സംശയത്തിൽ നിർത്തിക്കൊണ്ടുള്ള മൊഴിയാണ് പത്മകുമാർ നൽകിയതെന്നാണു സൂചന. പത്മകുമാറിനെതിരേ അച്ചടക്ക നടപടിയെടുത്താൽ കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിളിച്ചുപറയുമോ എന്ന പേടി സിപിഎമ്മിനുണ്ട്. ഇതുകൂടി കണ്ടുകൊണ്ടാണു അദ്ദേഹത്തിനെതിരേയുള്ള നടപടി വൈകുന്നത്.
എന്നാൽ, അടുത്ത മാസം പകുതിയോടെ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി ഗൃഹസന്ദർശന പരിപാടി നടത്തുന്നുണ്ട്. ഇതിനു മുന്‍പായി പത്മകുമാറിനെതിരേ നടപടിയെടുക്കാനുള്ള സാധ്യതയാണുള്ളത്. ഇപ്പോൾ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതോടെ ജനങ്ങൾക്കിടയിൽ അതു കൂടുതൽ സംശയത്തിനു വഴിവയ്ക്കുമെന്ന തോന്നലും പാർട്ടി നേതാക്കൾക്കിടയിൽ ഉണ്ട്. ഒരു പക്ഷേ കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റിലേക്കും മറ്റും കാര്യങ്ങൾ കടന്നാൽ അതു നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിനു വലിയ തലവേദനയാകും.
സ്വർണംപൂശിയതിൽ ദേവസ്വം വകുപ്പിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നാണു നേരത്തേയും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്. പാർട്ടിയെയും അദ്ദേഹം ഇതു ബോധ്യപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലും കടകംപള്ളി ഇതേ നിലപാടുതന്നെയാണു സ്വീകരിച്ചത്. ഇനി കോടതിയിൽനിന്നു കൂടുതൽ പരാമർശങ്ങൾ വല്ലതും വന്നാൽ അതു സിപിഎമ്മിനു കനത്ത തിരിച്ചടിയാകും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണപ്പാളി കേസ് തന്നെയാകും സിപിഎമ്മിനും ഇടതുമുന്നണിക്കും വില്ലനായി എത്തുക. കടകംപള്ളിയെ എസ്ഐടി ചോദ്യം ചെയ്തത് പ്രതിപക്ഷം സർക്കാരിനെതിരേ ഇപ്പോൾതന്നെ ആയുധമാക്കിയിട്ടുണ്ട്. കേസിൽ എത്രയും പെട്ടെന്നു കുറ്റപത്രം സമർപ്പിക്കാനായിരുന്നു എസ്ഐടിയുടെ നീക്കം. പത്മകുമാറിലൊതുക്കി കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്വർണപ്പാളി കേസിൽ അന്താരാഷ്ട്ര സ്വർണക്കടത്തു സംഘത്തിന് ബന്ധമുണ്ടെന്നുംകൂടി പറഞ്ഞതോടെ ദേശീയ അന്വേഷണ ഏജൻസികൾ ശബരിമലയിലെത്തുമെന്ന സൂചനയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിബിഐ എത്തിയാൽ മൂന്നാമൂഴം ആഗ്രഹിക്കുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും അതു വലിയ തിരിച്ചടിയാകും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരേ കൂടുതൽ തെളിവുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ സ്വന്തം കൈപ്പടയിൽ പത്മകുമാർ "ചെന്പുപാളികൾ' എന്ന് എഴുതിച്ചേർത്തെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
2019 മാർച്ച് 19ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റെ അജൻഡയിലാണ് ശബരിമലയിലെ "സ്വർണം പതിച്ച ചെന്പുപാളികൾ'എന്നതിനു പകരം "ചെന്പുപാളികൾ' എന്നു മാത്രം തിരുത്തിയത്. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ തിരുത്തൽ വരുത്തിയത് അറിയില്ലെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.
സിപിഐ, സിപിഎം പ്രതിനിധികളായി ബോർഡ് അംഗങ്ങളായ കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തു. മിനിറ്റ്സിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.
ക്ഷേത്രമുതലുകൾ പുറത്തുകൊണ്ടുപോകാൻ പാടില്ലെന്ന ദേവസ്വം മരാമത്ത് നടപടിക്രമങ്ങൾക്കു വിരുദ്ധമായി പത്മകുമാർ ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളികളും അതിനോട് ചേർന്ന പ്രഭാവലയവും പുറത്തേക്കു കൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സഹായിച്ചെന്നാണ് കണ്ടെത്തൽ. ക്ഷേത്രമുതലുകൾ പുറത്തേക്കു കൊണ്ടുപോകരുതെന്ന് ദേവസ്വം മാനുവലിൽ വ്യവസ്ഥയുണ്ട്.
പാളികളിൽ സ്വർണം പതിപ്പിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്വർണപ്പാളികൾ കേസിലെ ഒന്നാം പ്രതിയായ ഇടനിലക്കാരന് കൈമാറാനും ഇദ്ദേഹം ഒത്താശ നൽകി.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികൾ സ്വർണം പൂശി കൊണ്ടുവരുന്ന മുറയ്ക്കു തിരികെ സ്ഥാപിക്കുന്നതിനാവശ്യമായ ക്രമീകരണം ഒരുക്കാമെന്നും പത്മകുമാർ രേഖപ്പെടുത്തിയതായാണ് പറയുന്നത്.
പ്രസിഡന്റ് എന്ന നിലയിലുള്ള കൃത്യനിർവഹണത്തിൽ പത്മകുമാർ വീഴ്ച വരുത്തി.ഇതിന്റെ അടിസ്ഥാനത്തിൽ 2020 മാർച്ച് 20ന് ദേവസ്വം സെക്രട്ടറി പ്രൊസീഡിംഗ്സ് ഇറക്കുകയും സ്വകാര്യ വ്യക്തിയായ ഒന്നാംപ്രതിക്ക് ശബരിമല ശ്രീകോവിലിലെയും കട്ടിളപ്പാളിയിലെയും സ്വർണപ്പാളികൾ ലഭ്യമാക്കാൻ ഇടയാക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
സ്വർണം അപഹരിക്കാൻ ഒത്താശ ചെയ്തു. ഇവ തിരികെ എത്തിച്ചപ്പോൾ ആവശ്യമായ പരിശോധന നടത്തിയില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അന്യായ ലാഭം ഉണ്ടാക്കുന്നതിനായി ദേവസ്വം ബോർഡിനും ശബരിമല ദേവസ്വത്തിനും നഷ്ടത്തിനിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.